Syamantaka Story - Malayalam
സത്രാജിത്തെന്ന ഒരു യാദവന്‍ സൂര്യനെ തപസ്സു ചെയ്ത് സ്യമന്തകം എന്ന ഒരു വിശിഷ്ട രത്‌നം നേടി. അതു നിത്യേന എട്ടെട്ടു ഭാരം കനകത്തെ പ്രദാനം ചെയ്യും. ഒരു ദിവസം ആ മണിയുമായി സത്രാജിത്തു നടന്നുപോകുന്നതു നാട്ടുകാര്‍ കണ്ടു. സൂര്യദേവന്‍ മണ്ണിലിറങ്ങി നടക്കുന്നുവെന്ന അദ്ഭുത വാര്‍ത്ത നാടെങ്ങും പരന്നു. സൂര്യന്‍ ഭഗവാനെ കാണാന്‍ വരുന്നതാണ് എന്നും ചിലര്‍ തട്ടിവിട്ടു. സത്രാജിത്തിന് സ്യമന്തകരത്‌നം കിട്ടിയത് ഭഗവാനറിഞ്ഞിരുന്നു. അതു കൈയില്‍ വയ്ക്കാതെ ശൂരസേന രാജാവിനു കൊടുക്കാനും ഭഗവാന്‍ ഉപദേശിച്ചിരുന്നു. എന്നാല്‍ സത്രാജിത്ത് ഭഗവാനെ മാനിക്കാന്‍ തയ്യാറായില്ല. അതിനുശേഷം ഒരു ദിവസം പ്രസേനനെന്ന സത്രാജിത് സോദരന്‍, രത്‌നം അലങ്കാരമായി കഴുത്തിലിട്ട് നായാട്ടിനു പോയി. നാളുകളും ആഴ്ചകളും കഴിഞ്ഞിട്ടും പ്രസേനന്‍ തിരിച്ചു വന്നില്ല. പ്രസേനനെ സ്യമന്തകം മോഹിച്ചു കൊന്നതാണെന്നും സ്യമന്തകം ആവശ്യപ്പെട്ടത് കൃഷ്ണനാണെന്നും സത്രാജിത്ത് കൂട്ടുകാരോട് പറഞ്ഞു. അപഖ്യാതി ഭഗവാനും കേട്ടു. സത്യാവസ്ഥ അന്വേഷിച്ചറിയണം. ഭഗവാന്‍ കാട്ടിലെത്തി. അവിടെ ഒരു മനുഷ്യശരീരവും അടുത്തായി സിംഹത്തിന്റെ കാലടികളും കണ്ടു. കാലടി പിന്തുടര്‍ന്നു ചെന്നത് ഒരു സിംഹത്തിന്റെ ജഡം കിടക്കുന്ന ഭാഗത്തേക്കാണ്. തുടര്‍ന്ന് ഒരു അസാധാരണ കാല്‍പ്പാടു കണ്ടു. അതിനെ പിന്തുടര്‍ന്ന് ഒരു ഗുഹയിലെത്തി. ഗുഹ കണ്ടപ്പോഴെ ജാംബവാന്റെ ഗുഹയാണെന്നറിഞ്ഞു. ജാംബവാന്‍ രാമന്റെ യുദ്ധസാമര്‍ത്ഥ്യം കണ്ടു രാമനോടു പൊരുതാന്‍ മനസാ ആഗ്രഹിച്ചു. രാമന്‍ പറഞ്ഞു. ഈ ജന്മം നിങ്ങളോടാരോടും പൊരുതാന്‍ എനിക്കാവില്ല. അടുത്ത ദ്വാപരയുഗത്തിലെ ജന്മത്തില്‍ അവസരം തരാം. ജാംബവാന്‍ പടുവയസ്സനായാലും കാഴ്ചകുറഞ്ഞു എന്നല്ലാതെ ശരീരബലം കുറഞ്ഞിട്ടില്ല. ഒറ്റയടിക്കു സിംഹത്തിനെ കൊന്നാണ് മണിയും കൊണ്ടുപോന്നത്. അപരിചിതനായ ഒരാള്‍ ഗുഹയില്‍ വന്നതുകണ്ട് കുട്ടികള്‍ ഭയന്നു കരഞ്ഞു. ജാംബവാന്‍ അതിക്രമിച്ചെത്തിയവനോടു കയര്‍ത്തു. രാമഭക്തനായ എന്റെ ഗുഹയില്‍ പ്രവേശിച്ചവരാരും തിരിച്ചുപോയിട്ടില്ല. അവരുടെ ശവം എടുത്തു പുറത്തെറിയുകയാണ് പതിവ്. നിനക്കു ജീവനില്‍ കൊതിയില്ലാഞ്ഞാണോ അകത്തു പ്രവേശിച്ചത്. ജാംബവാന്‍ എത്ര അധിക്ഷേപിച്ചിട്ടും ഭഗവാനൊന്നും മിണ്ടാത്തതു കണ്ടപ്പോള്‍ ജാംബവാന്‍ മുഷ്ടിചുരുട്ടി ഒരു ഇടി കൊടുത്തു. ശത്രു അതോടെ ചത്തുവീഴുകയാണ് പതിവ്. ഇപ്രാവശ്യം ആ വീഴ്ച കേള്‍ക്കാത്തതിനാല്‍ വീണ്ടും ഒന്നു കൊടുത്തു. പിന്നീടു ശങ്കിച്ചു നിന്ന ജാംബവാനെ കൃഷ്ണനും ഒന്നിടിച്ചു. ജാംബവാന്‍ ക്രുദ്ധനായി. നാളിതുവരെ തന്നെ എതിര്‍ക്കാനാരും ധൈര്യപ്പെട്ടിട്ടില്ല. പിന്നീടു ജാംബവാന്റെ പരാക്രമം ഒന്നൊന്നായി ചുരുളഴിഞ്ഞു. ഭഗവാനും താളത്തിനൊത്തു ജാംബവാനെ ഉത്സാഹിപ്പിച്ചു. ജാംബവാന് തന്റെ മുമ്പില്‍ തന്റെ പ്രഹരമേറ്റു നില്‍ക്കാന്‍ കഴിവുള്ള വ്യക്തി രാമന്‍ മാത്രമാണ്. അടഞ്ഞ കണ്ണുകള്‍ നിവര്‍ത്തി ജാംബവാന്‍ സൂക്ഷിച്ചുനോക്കി. തന്റെ മുന്നിലുള്ളത് കൃഷ്ണനായ രാമന്‍ തന്നെ! കൃഷ്ണന്റെ കാല്‍ക്കല്‍ വീണ് ജാംബവാന്‍ മാപ്പപേക്ഷിച്ചു. കൃഷ്ണന്‍ പറഞ്ഞു. നീ തെറ്റൊന്നും ചെയ്തിട്ടില്ല നിന്റെ ഗതകാല ആഗ്രഹം സാധിപ്പിക്കാന്‍ നിന്നുതന്നുവെന്നു മാത്രം. ഭഗവാന്‍ ജാംബവാനെ തലോടി യുദ്ധ ക്ലേശം തീര്‍ത്തു. ഭഗവാന്‍ ഗുഹയിലെത്താനുണ്ടായ കാരണം സ്യമന്തകമാണെന്നറിഞ്ഞ ജാംബവാന്‍ രത്‌നത്തേയും തന്റെ മകളായ ജാംബവതിയെയും കൃഷ്ണനു സമ്മാനിച്ചു. സ്യമന്തകവുമായി കൃഷ്ണന്‍ സത്രാജിത്തിനെ കണ്ടു. നടന്ന സംഭവങ്ങള്‍ വിവരിച്ചു. സത്യമറിഞ്ഞ സത്രാജിത്തും ലജ്ജിതനായി. അനാവശ്യമായി ഭഗവാനെ സംശയിച്ചു. അതിനു പ്രായശ്ചിത്തമായി തന്റെ മകള്‍ സത്യഭാമയെ ഭഗവാനു നല്‍കി.
Read more at: https://www.janmabhumi.in/news/samskriti/syamanthaka-mani